തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എം.എൽ.എയും ചലച്ചിത്ര പ്രവർത്തകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്.
2025 നവംബറിലാണ് മുഖ്യമന്ത്രിക്ക് യുവതി കുഞ്ഞുമുഹമ്മദിനെതിരെ പരാതി സമർപ്പിക്കുന്നത്. തലസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ ആറ് സാക്ഷികളാണുള്ളത്.



