ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി സ്ഥിരീകരണം;പൈലറ്റിനായി തെരച്ചിൽ

ന്യൂഡൽഹി: തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. പൂർണമായി കത്തിനശിച്ച നിലയിലാണ് വിമാനഭാഗം കണ്ടെത്തിയത്. വിമാനത്തിന്റെ പൈലറ്റിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വ്യോമസേന.സുഖോയ് -30 എം‌ കെ 1 യുദ്ധ വിമാനമാണ് തകർന്നുവീണത്. അസമിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ അറിയിച്ചിരുന്നു.

പരിശീലന ദൗത്യത്തിലായിരുന്ന സുഖോയ് -30 എം‌ കെ 1 ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് പ്രദേശത്ത് തകർന്നുവീണതായി വ്യോമസേന പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.റഷ്യൻ നിർമ്മിത വിമാനവുമായുള്ള ആശയവിനിമയം വൈകുന്നേരം 7:42 ന് നഷ്ടപ്പെട്ടതായി അധികൃതർ വ്യക്തമാക്കുന്നു. റഷ്യൻ വിമാന നിർമ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുള്ള മൾട്ടിറോൾ ലോംഗ് റേഞ്ച് യുദ്ധവിമാനമാണ് സുഖോയ് -30 എം‌ കെ 1. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി എച്ച് എ എൽ ലൈസൻസിന് കീഴിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്.

Leave a Comment