‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടം’; ബിജു മേനോനെതിരേ ആരോപണവുമായി ബി. ഉണ്ണികൃഷ്ണൻ

എറണാകുളം: നടന്‍ ബിജു മേനോനെതിരെ ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. നടന്‍ സിനിമയുടെ പ്രൊമോഷന് വരാത്തതിനാല്‍ 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്നും ജിത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന് പങ്കെടുത്തില്ലെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.കരാര്‍ പ്രകാരമുള്ള പ്രമോഷന്‍ പരിപാടികളില്‍ നടൻ പങ്കെടുത്തില്ലെന്നും ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍മാതാക്കളോട് കാണിക്കുന്ന കാര്‍ക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും പ്രൊമോഷന്‍ പരിപാടികളില്‍ കാണിക്കാന്‍ കഴിയേണ്ടതില്ലേ? താന്‍ അഭിനയിക്കുന്ന പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത കരാറിലൂടെ ഏറ്റെടുത്തതിന് ശേഷം അതിന് പോവാതിരിക്കുന്നതിലൂടെ 25 ലക്ഷം രൂപയാണ് നിര്‍മാതാവിന് നഷ്ടം വന്നിരിക്കുന്നത്. അടുത്തിടെ ജിത്തു ജോസഫിന്റെ പടത്തില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിങ്ങളാദ്യം തിരുത്തൂ. അങ്ങനെയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചര്‍ച്ചകളില്‍ അഭിനേതാക്കളുടെ വേതനം നിര്‍മാതാക്കളും സ്വമനസാലേ കൂട്ടിത്തരും’. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പുതുക്കിയ സേവന വേതന കരാര്‍ ഒപ്പിട്ടതിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.

Leave a Comment