വീടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കേസ്

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വീണ്ടും കുരുക്കിൽ. വീടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നതോടെ ശശിക്കെതിരെ കേസെടുത്തിരിക്കുകയാണ്. അറസ്​റ്റ് ചെയ്യാൻ പരുത്തിപ്പള്ളി വനംവകുപ്പ് പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.വെള്ളനാട്ടിലെ ഒരു കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മുള്ളൻപന്നിയെ കണ്ടത്. അവിടെയുള്ളവർ വെള്ളനാട് പഞ്ചായത്ത് മെമ്പറിനെയാണ് അറിയിച്ചത്. അവരാണ് വെള്ളനാട് ശശിയെ വിവരമറിയിച്ചത്. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ വെള്ളനാട് ശശി വീട്ടിലെത്തുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ഇരുമ്പ് പൈപ്പെടുത്ത് മുള്ളൻപന്നിയെ കൊല്ലുകയുമായിരുന്നു.വനംവകുപ്പ് എത്തുമെന്നും കൊല്ലരുതെന്ന് വീട്ടുകാർ പറഞ്ഞിട്ടും വെള്ളനാട് ശശി അനസരിച്ചില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. പിന്നാലെ തന്നെ ശശി സ്ഥലം വിടുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. ആർ ആർ ടി റോഷ്നിയുടെ നേതൃത്വത്തിൽ ചത്ത മുള്ളൻ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണ് വെള്ളനാട് ശശി ചെയ്തിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Leave a Comment