വയനാട് പുനരധിവാസം യാഥാർത്ഥ്യമാകുന്നു; ദുരന്തബാധിതരായവർക്ക് ടൗൺഷിപ്പ് കൈമാറി മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ചുനൽകുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഉടൻ കൈമാറി. മുഖ്യമന്ത്രിയാണ് താക്കോൽ ദാനം നിർവഹിച്ചത്178 വീടുകളാണ് കൈമാറുന്നത്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സർക്കാർ ഒരുക്കിയ ടൗൺഷിപ്പ്. വൻ ജനാവലിയാണ് താക്കോൽ ദാന ചടങ്ങിനായി എത്തിച്ചേർന്നത്. വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളാണ് കൈമാറുക. വീടുകൾ മറ്റ് മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രി സന്ദ‌ർശിച്ച് വിലയിരുത്തിയ ശേഷമാണ് താക്കോൽ ദാന ചടങ്ങിലേക്ക് എത്തിയത്. മൊത്തം 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിലൂടെ നിർമ്മിച്ചു നൽകുന്നത്. ബാക്കി വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കകുയാണ്. ഉദ്ഘാടന പ്രസംഗത്തിൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളും പുനരധിവാസത്തിന്റെ പ്രാധാന്യവും മുഖ്യമന്ത്രി പങ്കുവച്ചു.

‘ആ രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നതാണ്. എന്നാൽ മനുഷ്യനെ നടുക്കുന്ന ദുരന്തത്തിനാണ് അവർ ഇരയായത്. ഒരുമിച്ച് ജീവിച്ചവർക്ക് ഇനിയും ഒരുമിച്ച് തന്നെ കഴിയണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിനൊപ്പം നിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് ഈ ടൗൺഷിപ്പ് എന്ന ആശയത്തിന് രൂപം നൽകിയത്. സ്വന്തമായി മാറി താമസിക്കാൻ ആഗ്രഹിച്ചവർക്ക് അതിനുള്ള സഹായവും സർക്കാർ നൽകി. പദ്ധതി പൂർത്തിയാക്കുന്ന കാര്യത്തിൽ സർക്കാരിന് യാതൊരു സംശയവുമുണ്ടായിരുന്നില്ല. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ഈ ഉദ്യമത്തോട് സഹകരിക്കാൻ തയ്യാറായി മുന്നോട്ടുവന്നു എന്നത് വലിയ കാര്യമാണ്’. മുഖ്യമന്ത്രി പറഞ്ഞു. നൽകിയ വാഗ്ദാനം പാലിക്കപ്പെടുമെന്നും ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലും പിന്മാറിയാലും വീടുകളുടെ നിർമ്മാണം തടസപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

64.47 ഹെക്ടറിലായി ആകെ 410 വീടുകളാണ്നിർമ്മിക്കുന്നത്. ഇതിൽ 405 വീടുകൾ ടൗൺഷിപ്പിന്റെ ഭാഗമാണ്. 304 വീടുകളുടെ വാർപ്പ് ഇതിനോടകം പൂർത്തിയായി. ഏപ്രിലോടെ എല്ലാ വീടുകളും കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായുള്ള കരാറിലൂടെ 299 കോടി രൂപ ചിലവിലാണ് നിർമ്മാണം.

Leave a Comment