പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. സ്ഥാനാർഥികളാകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്താണ് നൽകിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസിന് മികച്ച പ്രാതിനിധ്യം ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 7 സീറ്റിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്ന് ആവശ്യപെട്ട് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്തയച്ചു . സിഎംപി മത്സരിക്കുന്ന നെന്മാറ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും കത്തിലുണ്ട്.
പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ് കെ. എസ് , ചിറ്റൂർ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോട് , പട്ടാമ്പിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ ഫാറൂഖ് , ഒറ്റപ്പാലത്ത് സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി , ആലത്തൂരിൽ സംസ്ഥാന സെക്രട്ടറി പ്രതീഷ് മാധവൻ , നെന്മാറയിൽ സംസ്ഥാന സെക്രട്ടറി വിഷ്ണു . സി , തരൂർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് സുബ്രഹ്മണ്യൻ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം .യൂത്ത് കോൺഗ്രസിൻ്റെ 6 സംസ്ഥാന ഭാരവാഹികൾ ചേർന്നാണ് കത്തയച്ചത്.



